Saturday, March 31, 2012

സി.പി.എം. കോണ്‍ഗ്രസ്സിന്റെ ചരിത്ര പ്രാധാന്യം

പി.രാജീവ്
(2012 മാര്‍ച്ച്‌ 31 ന് 
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) 
സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് കേരളം നാലാം തവണയാണ് വേദിയാകുന്നത്. നാലാം കോണ്‍ഗ്രസ് 1956- ല്‍ നടന്നത് പാലക്കാട്ടാണ്. അന്ന് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.എം. രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന എട്ടാം കോണ്‍ഗ്രസ്സിന് വേദിയായത് കൊച്ചിയാണ്. 1988-ല്‍ തിരുവനന്തപുരത്താണ് പതിമ്മൂന്നാം കോണ്‍ഗ്രസ് നടന്നത്. പതിന്നാല് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്. ചിലര്‍ എഴുതുന്നതുപോലെ കേന്ദ്രീകൃത ജനാധിപത്യമല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃതനേതൃത്വമെന്ന സവിശേഷ ഉള്ളടക്കമാണ് ജനാധിപത്യകേന്ദ്രീകരണത്തിനുള്ളത്. പാര്‍ട്ടി ഘടനയുടെ അടിസ്ഥാനവും ആന്തരിക പ്രവര്‍ത്തനത്തിന്റെ ദിശയും നിര്‍ണയിക്കുന്നത് ജനാധിപത്യ കേന്ദ്രീകരണമാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സാണ് സി.പി.എമ്മിന്റെ ഏറ്റവും ഉയര്‍ന്ന ഘടകം. സാധാരണഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

ഇത്തവണ കേരളത്തിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് 2012- ല്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. സി.പി.എം. ഭരണഘടനയനുസരിച്ച് അംഗത്വത്തിന്റെ മൂന്നിലൊന്നിലധികം പ്രാതിനിധ്യമുള്ള രണ്ടോ അതിലധികമോ സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടാലോ കേന്ദ്ര കമ്മിറ്റിക്കുതന്നെയോ അസാധാരണ കോണ്‍ഗ്രസ് വിളിക്കുന്നതിനും വ്യവസ്ഥയുണ്ട്.


ബ്രാഞ്ചു മുതല്‍ എല്ലാ നിലവാരത്തിലും നടന്ന വിശാലമായ ജനാധിപത്യപ്രക്രിയയ്ക്കുശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ബ്രാഞ്ചിനു മാത്രം കമ്മിറ്റിയില്ല. അതിനുമുകളിലുള്ള എല്ലാ ഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളാണ്. ഓരോ സമ്മേളനവും തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് തൊട്ടുമുകളിലുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. അടിമുടി ജനാധിപത്യ ഉള്ളടക്കമുള്ള ഈ പ്രക്രിയ ജനാധിപത്യപാര്‍ട്ടികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക് തീര്‍ത്തും അപരിചിതമാണ്. പാര്‍ട്ടിയുടെ വരുന്ന മൂന്നു വര്‍ഷത്തെ രാഷ്ട്രീയഅടവുനയത്തിന് രൂപം നല്‍കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. എന്നാല്‍, ഈ പ്രക്രിയയില്‍ മുഴുവന്‍ അംഗങ്ങളും ഘടകങ്ങളും ക്രിയാത്മകവും ജനാധിപത്യപരവുമായി പങ്കുചേരുന്നുണ്ട്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന കരട് രാഷ്ട്രീയപ്രമേയം എല്ലാ നിലവാരത്തിലുമുള്ള ഘടകങ്ങളും ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ നിശ്ചിത ദിവസത്തിനകം കേന്ദ്ര കമ്മിറ്റിക്ക് അയച്ചു നല്‍കാം. ഇതുകൂടാതെ ഏത് പാര്‍ട്ടി അംഗത്തിനും വ്യക്തിപരമായി ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് അവകാശമുണ്ട്. ഇങ്ങനെ അയയ്ക്കുന്ന ഭേദഗതികള്‍ പരിശോധിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ മുമ്പാകെ അവതരിപ്പിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വ്യക്തിപരമായ ഭേദഗതികള്‍ കോണ്‍ഗ്രസ്സില്‍വെച്ചുതന്നെ നിര്‍ദേശിക്കാം. സ്റ്റിയറിങ് കമ്മിറ്റി ആ ഭേദഗതി സ്വീകരിച്ചില്ലെങ്കില്‍ അത് നിര്‍ദേശിച്ച പ്രതിനിധിക്ക് വേണമെങ്കില്‍ തന്റെ ഭേദഗതി വോട്ടിനിടണമെന്ന് ആവശ്യപ്പെടാം. അത്രമാത്രം ജനാധിപത്യ ഉള്ളടക്കത്തോടെയാണ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ ലൈന്‍ രൂവത്കരിക്കുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സാര്‍വദേശീയവും ദേശീയവുമായി ഉണ്ടായ സംഭവവികാസങ്ങളെ മൂര്‍ത്തമായി വിലയിരുത്തിയാണ് വരുംനാളുകളിലെ രാഷ്ട്രീയലൈനിന് രൂപം നല്‍കുന്നത്. മുതലാളിത്തത്തിനു മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കൂടുതല്‍ വ്യക്തമായ നാളുകളിലൂടെയാണ് ലോകം കടന്നുപോയത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നു. നവഉദാരീകരണ നയങ്ങള്‍ ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കി. ലോകമെമ്പാടും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിച്ചു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വന്‍കിട കുത്തകകളുടെ സമ്പത്ത് ഭീതിജനകമാംവിധം ഉയര്‍ന്നു. മറുവശത്ത് ദരിദ്രരുടെഎണ്ണവും കൂടി. ഇതിനെതിരായി തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും സമരങ്ങളും ശക്തിപ്പെടുന്നു. സാമൂഹികജീവിതത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള അടിച്ചമര്‍ത്തലുകളും ശക്തിപ്പെടുന്നു. മറുവശത്ത് ഈ സാഹചര്യത്തെ കൂടി ഉപയോഗിച്ച് സ്വത്വരാഷ്ട്രീയശക്തികളും വളരാന്‍ ശ്രമിക്കുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ അമേരിക്കന്‍വിധേയത്വനയം ശക്തമായി നടപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്.


ഈ സാഹചര്യം ഇടതുപക്ഷത്തിന്റെ പൊതുവേയും സി.പി.എമ്മിന്റെയും ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കാതെ സി.പി.എമ്മിന് ഈ രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ല. ഉദാരീകരണനയങ്ങള്‍ വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ തനതായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ആവശ്യം കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവെക്കുന്നുണ്ട്. രാഷ്ട്രീയഅര്‍ഥത്തില്‍ ഈ സമരം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ബി.ജെ.പി.ക്കും എതിരാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷശക്തികളെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. നിലവിലുള്ള നയങ്ങള്‍ക്ക് ശരിയായ ബദല്‍നയം മുന്നോട്ടുവെക്കുന്നതിന് ഇടതുപക്ഷത്തിന്റെയും ശരിയായ ജനാധിപത്യശക്തികളുടെയും കൂട്ടായ്മയ്‌ക്കേ കഴിയൂ.

ഇരുപതാം കോണ്‍ഗ്രസ്സിന്റെ മറ്റൊരു പ്രത്യേകത പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയം കൂടി ചര്‍ച്ച ചെയ്യുന്നുവെന്നതാണ്. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന പതിന്നാലാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് ഇതിനു മുമ്പ് സമാനമായ പ്രമേയം അംഗീകരിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കുശേഷവുമുള്ള സാഹചര്യത്തിലാണ് ആ പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ആ രേഖയുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നു. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പ്രമേയത്തിന്റെ തലക്കെട്ടില്‍പ്പോലും മാറ്റം വരുത്തി. പ്രത്യയശാസ്ത്ര പ്രമേയമെന്ന തലക്കെട്ടാണ് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമെന്നാക്കി മാറ്റിയത്. എന്നാല്‍, കരട് പ്രമേയത്തിന്റെ അന്തഃസത്ത കോണ്‍ഗ്രസ് അപ്പാടെ അംഗീകരിക്കുകയാണ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിസന്ധിയെ നേരിട്ട ആ ഘട്ടത്തില്‍ സി.പി.എമ്മിന് ഈ പ്രമേയം നല്‍കിയ കരുത്ത് വിവരണാതീതമാണ്. പിന്നീടുണ്ടായ മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ പ്രത്യയശാസ്ത്രപ്രമേയം കാലികമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സുകള്‍ ചര്‍ച്ചചെയ്തിരുന്നു.

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സമകാലിക ലോകത്തെ സംബന്ധിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണനിരന്തരം നവീകരിക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സാമ്രാജ്യത്വത്തിന്റെ രൂപത്തെ സംബന്ധിച്ചും തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ നേതൃത്വത്തെ സംബന്ധിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ ഇടതുപക്ഷത്തിനുള്ളില്‍ത്തന്നെ ലോകത്തെമ്പാടും നടക്കുന്നുണ്ട്. പുതിയ കാലം രാഷ്ട്രീയ, ആശയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ പുത്തന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതെല്ലാം പരിശോധിക്കുകയും തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ നേതൃത്വം അരക്കിട്ടുറപ്പിക്കുകയുമാണ് കരട് രേഖ ചെയ്യുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ വര്‍ഗസമരം ശക്തിപ്പെടുത്തേണ്ട രൂപങ്ങളെ സംബന്ധിച്ചും കരടുരേഖ പരിശോധിക്കുന്നു. പാര്‍ട്ടിയിലുടനീളം ചര്‍ച്ച ചെയ്യുന്ന ഈ കരട് രേഖയ്ക്കും ആഴത്തിലുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് അവസാന രൂപം നല്‍കുന്നത്.

ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സെക്രട്ടറിമാരുടെ കാലാവധി നിജപ്പെടുത്തുന്ന ഭരണഘടനാഭേദഗതി കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സിനാണ് പരിപാടിയും ഭരണഘടനയും ഭേദഗതി ചെയ്യുന്നതിന് അവകാശമുള്ളത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് രണ്ടു മാസം മുമ്പ് നല്‍കിയിരിക്കണമെന്നതാണ് വ്യവസ്ഥ. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ നിലവാരത്തിലുമുള്ള സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയായി നിജപ്പെടുത്താനാണ് നിര്‍ദേശം. സവിശേഷ സാഹചര്യത്തില്‍ നാലാംതവണ കൂടി തിരഞ്ഞെടുക്കപ്പെടാം. എന്നാല്‍, അതിന് അതതു കമ്മിറ്റികളുടെ നാലില്‍ മൂന്നുഭാഗം അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം. സംസ്ഥാന കമ്മിറ്റിക്ക് താഴെയുള്ള കമ്മിറ്റികളുടെ ഈ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെയും സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഒരു കാരണവശാലും നാലില്‍ കൂടുതല്‍ തവണ തുടരാന്‍ പാടില്ലെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമുള്ള കാലയളവിലെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതും കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വമാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അംഗീകരിക്കേണ്ടത് ഭരണഘടനാപരമായ കടമയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സാണ് പുതിയ കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. കേന്ദ്രകമ്മിറ്റി പി.ബി.യെയും ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ഘടകം കേന്ദ്രകമ്മിറ്റിയാണ്. കേന്ദ്രകണ്‍ട്രോള്‍ കമ്മീഷനെ തിരഞ്ഞെടുക്കുന്നതും പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കേന്ദ്ര കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാജ്യത്തെ പ്രധാനശക്തികേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തെ ഇടതുപക്ഷ ശക്തികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കൂടുതല്‍ മുന്നേറ്റത്തിനുള്ള ഊര്‍ജം പകരുന്ന ഒന്നായി മാറും.

0 comments:

Post a Comment